
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജനകീയ പ്രക്ഷോഭത്തെ തടയാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതാബായ രാജപക്‌സെ. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയുമെന്ന് രാജപക്‌സെയുടെ ഉത്തരവില്‍ പറയുന്നു.
ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടി എന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു.
കൊളംബോ നഗരത്തിലെ രാജപക്‌സെയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ നടന്ന സംഘര്‍ഷത്തില്‍ 45 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന്റെ സ്വകാര്യ വസതിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രകടനം നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക പ്രശ്‌നം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐഎംഎഫുമായി ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും. ഡീസല്‍ ക്ഷാമവും വ്യാഴാഴ്ച തുടങ്ങിയ 13 മണിക്കൂര്‍ പവര്‍കട്ടും ജീവിതം ദുസഹമാക്കിയിരിക്കുകയാണ്.