
ന്യൂ ഡെല്‍ഹി: സംസ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നതില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിച്ച് രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് സിപിഎം എംപി വി ശിവദാസന്‍. ഓരോ സംസ്ഥാനങ്ങളിലും ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ ജനപ്രതിനിധികള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബില്‍.
എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്ന് ഭേദഗതി നിര്‍ദ്ദേശത്തില്‍ പറയുന്നു. ഭരണഘടനയിലെ 153, 155, 156 അനുച്ഛേദങ്ങള്‍ ദേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബില്ലില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ താത്പര്യമനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗവര്‍ണറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഒരു ഗവര്‍ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുത്. കാലാവധി നീട്ടി നല്‍കരുത് തുടങ്ങിയ ആവശ്യങ്ങളും ബില്ലില്‍ ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറുമായി തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം എംപി ബില്‍ അവതരിപ്പിച്ചത്.