
ന്യൂ ഡെല്‍ഹി: റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ അഭിനന്ദിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇന്നലെ ന്യൂ ഡെല്‍ഹിയില്‍ എത്തിയത്.
‘ഈ ദിവസങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അന്താരാഷ്ട്ര പ്രശ്നങ്ങളെ യുക്രൈന്‍ പ്രതിസന്ധിയിലേക്ക് ചുരുക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ആരോടും യുദ്ധം ചെയ്യുന്നില്ല, ഇന്ത്യ ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചില്ല. ഞങ്ങള്‍ അഭിനന്ദിക്കുന്നു,’ ലാവ്റോവ് പറഞ്ഞു. ഇന്ത്യയുടെയും റഷ്യയുടെയും നയതന്ത്രപരമായ പങ്കാളിത്തമാണ് മോസ്‌കോയുടെ മുന്‍ഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് നേരിട്ട് എണ്ണ വാങ്ങുന്നതിന് റഷ്യ വന്‍ ഇളവ് വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ബാരലിന് 35 ഡോളര്‍ വരെ ഉയര്‍ന്ന ഗ്രേഡ് ഓയില്‍ വില്‍ക്കാന്‍ റഷ്യ തയ്യാറാണ്. ആഗോളതലത്തില്‍ ബാരലിന് 45 ഡോളറായി വര്‍ധിക്കാനാണ് സാധ്യത. ആദ്യ ഇടപാടില്‍ ഇന്ത്യ 15 ദശലക്ഷം ബാരല്‍ വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ റഷ്യയില്‍ നിന്ന് ഇടപാടുകള്‍ നടത്താന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെ അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും റഷ്യയ്‌ക്കെതിരെ കൊണ്ടുവന്ന യുഎന്‍എസ്സി പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.