
പാലക്കാട്: മലബാര്‍ സിമന്റ്‌സിനെ ലാഭത്തിലെത്തിച്ച എം മുഹമ്മദാലി എംഡി സ്ഥാനം രാജി വച്ചു. കമ്പനിക്കുള്ളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദാലിയെ സിഐടിയു ജനുവരി 29ന് തടഞ്ഞുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവയ്ക്കാന്‍ തീരുമാനിച്ചത്.
കമ്പനിക്കുള്ളില്‍ മുഹമ്മദാലിക്കെതിരെ സിഐടിയു രംഗത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് യൂണിയനുമായി നല്ല ബന്ധത്തില്ലായിരുന്നു അദ്ദേഹം. മലബാര്‍ സിമന്റ്‌സിന്റെ പ്രതിമാസം ഉല്പാദനം രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷം ടണ്ണില്‍ നിന്ന് പന്ത്രണ്ട് ലക്ഷം ടണ്ണായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജി വയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഒന്നര മാസം മുമ്പാണ് മുഹമ്മദാലി വ്യവസായ വകുപ്പിന് രാജി സമര്‍പ്പിച്ചത്. മാര്‍ച്ച് 31 വരെ മാത്രമേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് മുഹമ്മദാലി അറിയിച്ചിരുന്നു. മുഹമ്മദാലിയുടെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എംഡിയായ കെ ഹരികുമാറിന് പകരം ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
തിരുച്ചിറപ്പള്ളി സ്വദേശിയായ മുഹമ്മദാലി 2019 നവംബറിലാണ് മലബാര്‍ സിമന്റ്‌സ് എംഡിയായി ചുമതലയേറ്റത്. സിമന്റ് നിര്‍മാണ മേഖലയില്‍ പരിചയമുള്ള മുഹമ്മദാലി എത്തിയശേഷം നഷ്ടത്തിലായിരുന്ന മലബാര്‍ സിമന്റ്‌സ് ലാഭത്തിലേക്ക് തിരിച്ചെത്തിയിരുന്നു.