യുഡിഎഫ് കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്ന് കാപ്പന്‍; പരിചിതമല്ലാത്തത് കൊണ്ട് തോന്നുന്നതാകാമെന്ന് സതീശന്‍

കോട്ടയം: യുഡിഎഫ് സ്ഥിരമായി തഴയുന്നതായി മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് പല കാര്യങ്ങളും അറിയിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുട്ടില്‍ മരംമുറി, മാടപ്പള്ളി പ്രതിഷേധം, ഗവര്‍ണറെ കണ്ട് പരാതി കൊടുക്കല്‍ തുടങ്ങി മുന്നണി നേതൃത്വം നല്‍കുന്ന പല കാര്യങ്ങളും അറിയിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുന്നണിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെങ്കിലും എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നതില്‍ ചെറിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കാപ്പന്‍ പറഞ്ഞു. എന്നാല്‍ കെ സുധാകരന്‍ വളരെ നന്നായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണെങ്കിലും മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോള്‍ അലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തന്നോട് മാണി സി കാപ്പന്‍ പരാതി ഉന്നയിച്ചിട്ടില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. പരാതി പരസ്യമായല്ല പറയേണ്ടത്. തന്നോടാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിന്റെ രീതി വേറെയാണ്. മാണി സി കാപ്പന് പരിചിതമല്ലാത്തത് കൊണ്ട് തോന്നുന്നതാകാമെന്ന് അദ്ദേഹം പറഞ്ഞു.