തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നൃത്ത കലാകാരി മന്‍സിയയെ ഹിന്ദു അല്ലെന്നതിന്റെ പേരില്‍ വിലക്കിയ സംഭവം ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിച്ച ക്ഷേത്ര ഭരണ സമിതി അഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അംഗീകാരം നിഷേധിക്കുകയായിരുന്നു. ഇത് സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിന് വലിയ ചുവട് വെയ്പ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്ധവിശ്വാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റണം. മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.