കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ആലുവ പൊലീസ് ക്ലബ്ബില്‍ വച്ച് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഏഴ് മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്.
പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. ഈ ദൃശ്യം ദിലീപിന്റെ കൈവശം എത്തിയോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയത്. വിചാരണ വേളയില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറ് മാറിയതിന് പിന്നിലുള്ള ദിലീപിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പടവട്ടം കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ വീട്ടിലെ ജോലിക്കാരന്‍ ദാസനും ഇത് സംബന്ധിച്ച നിര്‍ണ്ണായക മൊഴി നല്‍കി. ഇതൊടൊപ്പം സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനെ ഉപയോഗിച്ച് ഫോണില്‍ വിവരങ്ങള്‍ മായ്ച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആയിരിക്കും കേസ് പരിഗണിക്കുക. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം.