കേരള സർവകലാശാലയിൽ ജോലിക്കെത്തിയവരെ ഹാജർ രേഖപ്പെടുത്താൻ അനുവദിച്ചില്ല

തിരുവനന്തരം: കേരള സർവകലാശാല ആസ്ഥാനത്ത് പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്കെത്തിയവരുടെ ഹാജർ രേഖപ്പെടുത്താൻ അനുവദിച്ചില്ല. പണിമുടക്കിൻ്റെ ആദ്യ ദിവസമായ ഇന്ന് ജോലിക്ക് ഹാജരായ ജീവനക്കാർക്കാണ് ഒപ്പിടാൻ ഹാജർ രജിസ്റ്റർ നൽകാതിരുന്നത്. സർവ്വകലാശാല രജിസ്ട്രാറുടെ ഓഫീസിലാണ് എല്ലാ സെക്ഷനുകളുടെയും ഹാജർ പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. എന്നാൽ ബന്ധപ്പെട്ടവർ ഇത് നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സംഘടനയും ബിജെപി അനുകൂല സംഘടനയും പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട് ഒരു വിഭാഗം ജീവനക്കാർ പതിവ് പോലെ ജോലിക്ക് ഹാജരായി. അവർക്കാണ് ഹാജർ പുസ്തകത്തിൽ ഒപ്പുവയ്ക്കാൻ കഴിയാതെ വന്നത്.

ഹാജർ രേഖപെടുത്താൻ സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് പഞ്ചിങ് യന്ത്രങ്ങൾ കേടായതു കൊണ്ട് ഹാജർ പുസ്തകത്തിലാണ് കുറച്ച് നാളുകളായി ജീവനക്കാർ ഹാജർ രേഖപെടുത്തുന്നത്.

ഹാജരായ ജീവനക്കാർ വെള്ളപേപ്പറിൽ ഒപ്പുവച്ചുവെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാർ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് അടുത്ത ദിവസങ്ങളിൽ ഒപ്പുവയ്ക്കുന്നതിനു വേണ്ടിയാണ് ഹാജർ പുസ്തകങ്ങൾ രജിസ്ട്രാറുടെ ഓഫീസിൽ നിന്നും നൽകാത്തതെന്ന് ജോലിക്ക് ഹാജരായ ജീവനക്കാർ പറയുന്നു.