കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ രക്ഷാസമിതി. വെള്ളിയാഴ്ച, യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സുമായി ചര്‍ച്ച നടത്തി.
എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ അവകാശത്തെ മാനിക്കണമെന്നും താലിബാനോട് സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ഏഴ് മാസത്തിന് ശേഷമാണ് ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പോകുന്നതില്‍ നിന്ന് വിലക്കിയത്.
‘വിദ്യാഭ്യാസമുള്‍പ്പെടെ അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളുടെ പ്രാധാന്യം സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ഊന്നിപ്പറയുകയും ഇക്കാര്യത്തില്‍ യുഎന്‍എംഎയുടെ ഏകോപന പങ്ക് എടുത്തുകാണിക്കുകയും ചെയ്തു,’ ഞായറാഴ്ച യുഎന്‍എസ്സി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.