കൊച്ചി: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ പണിമുടക്ക് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. തിരുവനന്തപുരത്ത് ആര്‍.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. ചില സ്ഥാപനങ്ങളില്‍ ജോലിക്ക് എത്തിയവരെ സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.