
കൊല്‍ക്കത്ത: ബിര്‍ഭൂം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തൃമണൂല്‍ നിരസിച്ചതോടെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കൂട്ടയടി. സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കം അഞ്ചു ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.
ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്ന ഇന്ന് സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭയില്‍ പ്രസ്താവന നടത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ബിജെപിയുടെ ആവശ്യം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നിരസിച്ചു. ഇതേ തുടര്‍ന്നുണ്ടായ ബഹളമാണ് തൃമണൂല്‍-ബിജെപി എംഎല്‍എമാരുടെ കൂട്ടയടിയില്‍ കലാശിച്ചത്.
സംഘര്‍ഷത്തിനിടെ മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുവേന്ദു അധികാരി തന്റെ മൂക്കില്‍ ഇടിച്ചതായി അസിത് ആരോപിച്ചു. ദീപക് ബര്മന്, ശങ്കര്‍ ഘോഷ്, മനോജ് ടിഗ്ഗ, നരഹരി മഹതോ എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റു ബിജെപി എംഎല്‍എമാര്‍. ഈ വര്‍ഷം പൂര്‍ണമായും ഇവര്‍ സഭയില്‍ ഹാജരാകുന്നതിന് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തി.
ഭിര്‍ഭും ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷെയ്ഖിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് എട്ട് പേര് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകള്‍ക്ക് രാത്രിയില്‍ തീവയ്ക്കുകയായിരുന്നു. 12 വീടുകള്‍ അഗ്നിക്കിരയാക്കുകയും ആളുകളെ ചുട്ടു കൊല്ലുകയും ചെയ്തു.