
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ, ചണ്ഡീഗഢിന് മേലുള്ള അവകാശത്തിനായി പഞ്ചാബ് പോരാടുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.
ചണ്ഡീഗഢിന് മേല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും സേവനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി അടിച്ചേല്‍പ്പിക്കുന്നു. ഇത് 1966ലെ പഞ്ചാബ് പുനഃസംഘടന നിയമത്തിന് എതിരാണ്. ചണ്ഡീഗഢിന് മേലുള്ള ന്യായമായ അവകാശത്തിനായി പഞ്ചാബ് ശക്തമായി പോരാടുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജീവനക്കാര്‍ക്ക് ഇനി കേന്ദ്ര ജീവനക്കാരുടെ ആനുകൂല്യം നല്‍കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അമിത് ഷാ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സന്ദര്‍ശിച്ചത്. ‘ദീര്‍ഘനാളത്തെ ആവശ്യം പ്രധാനമന്ത്രി മോദി ഇപ്പോള്‍ നിറവേറ്റി. ചണ്ഡീഗഢിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് മുതല്‍ ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷനിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ ഇപ്പോള്‍ കേന്ദ്ര സിവില്‍ സര്‍വീസുകളുടേത് പോലെയായിരിക്കും. ജീവനക്കാര്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ലഭിക്കാന്‍ പോകുകയാണ്,’ എന്ന് അമിത് ഷാ പറഞ്ഞു.
എന്നാല്‍, നടപടിയെ എഎപിയുടെ മനീഷ് സിസോദിയ വിമര്‍ശിച്ചിരുന്നു. 2017 മുതല്‍ 2022 വരെ കോണ്‍ഗ്രസ് പഞ്ചാബ് ഭരിച്ചു. അന്ന് അമിത് ഷാ ചണ്ഡീഗഢിന് മേലുള്ള പഞ്ചാബിന്റെ നിയന്ത്രണാധികാരം എടുത്തുകളഞ്ഞില്ല. എന്നാല്‍ എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അമിത് ഷാ ചണ്ഡീഗഢിന് മേലുള്ള അധികാരം എടുത്തുകളഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ കാല്‍പ്പാടുകള്‍ ഉയരുന്നത് ബിജെപി ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.