
ഡെറാഡൂണ്‍: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുഷ്‌കര്‍ സിംഗ് ധാമി തോറ്റെങ്കിലും അദ്ദേഹത്തെ ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. 70 അംഗ നിയമസഭയില്‍ 47 സീറ്റുമായി ബിജെപി ഭരണ നിലനിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ധാമി തോറ്റത് വലിയ തിരിച്ചടിയായിരുന്നു.
സ്വന്തം സീറ്റില്‍ തോറ്റെങ്കിലും കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പാര്‍ട്ടിയെ അധികാര തുടര്‍ച്ചയിലേക്ക് നയിച്ചതാണ് ധാമിക്ക് തുണയായത്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബിജെപി പരീക്ഷിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ധാമി മുഖ്യമന്ത്രിയാകുന്നത്.
‘പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ വിശ്വസിച്ച് ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഒരു സാധാരണ പ്രവര്‍ത്തകനിലും എന്നെ പോലുള്ള ഒരു സൈനികന്റെ മകനിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ കേന്ദ്ര നിരീക്ഷകനായിരുന്ന രാജ്നാഥ് സിംഗ് എന്നിവര്‍ക്കും നന്ദി പറയുന്നു,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ച നടന്ന സുപ്രധാന യോഗത്തിന് ശേഷമാണ് അദ്ദേഹത്തെ പാര്‍ട്ടി തെരഞ്ഞെടുത്തത്.
നിയമസഭാ അംഗമാകാതെ ഒരാള്‍ക്ക് മുഖ്യമന്ത്രിയാകുന്നതിനും മന്ത്രിയാകുന്നതിനും ഭരണഘടനാപരമായി തടസമില്ല. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനുള്ളില്‍ നിയമസഭാ അംഗത്വം നേടിയിരിക്കണമെന്ന് മാത്രം. മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡ് ബിജെപി വിജയിച്ച നാല് സംസ്ഥാനങ്ങളില്‍ ഒന്നാണ്. മണിപ്പൂരില്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിംഗ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.