തിരുവനന്തപുരം: ചെങ്ങന്നൂരിലെ പ്രളയത്തില്‍ കാര്‍ ഒലിച്ചുപോയെന്ന് പറഞ്ഞ് വാവിട്ടു കരഞ്ഞയാളാണ് ഇപ്പോള്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത് തീവ്രവാദികളാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകള്‍ക്ക് മുന്നില്‍ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാന്‍ എന്ന എംഎല്‍എ. തന്റെ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്!
സജി ചെറിയാനേ, താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകള്‍ക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയില്ല. മുതലാളിക്ക് കമ്മീഷന്‍ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളെ പോലെയുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ല.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാര്‍ട്ടിക്കോ ഭരിക്കുന്ന സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനറിയാം.
ജനങ്ങളെ ദ്രോഹിക്കാന്‍ നിങ്ങള്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നത്?. ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസാണ്. കരിനിയമങ്ങള്‍ ലംഘിച്ചാല്‍ കടലില്‍ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്മുന്‍പില്‍ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിത്. മറക്കണ്ട.