സൗദി അറേബ്യയിലെ ഹൂതികളുടെ മിസൈല്‍ ആക്രമണം; വിമാന സര്‍വീസുകളെ ബാധിച്ചു

റിയാദ്: സൗദി അറേബ്യയില്‍ നടന്ന മിസൈല്‍ ആക്രമണം വ്യോമ ഗതാഗതത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണ് സൗദി അറേബ്യയ്ക്ക് നേരെ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്.

ആക്രമണത്തെ ഉടന്‍ തന്നെ സൗദി സേന പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും വിവരമില്ല. എന്നാല്‍ വലിയ ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജിദ്ദ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായതോടെ വിമാനങ്ങളുടെ ലാന്റിംഗ് വൈകി. ജിദ്ദയ്ക്ക് പുറത്തുള്ള ആകാശ പരിധിയില്‍ ഏറെ നേരം ചെലവിട്ട ശേഷമാണ് വിമാനങ്ങള്‍ക്ക് ലാന്റിംഗിന് അനുമതി നല്‍കിയത്. വ്യോമഗതാഗതം നിയന്ത്രിക്കുന്ന നാവിഗേഷന്‍ സംവിധാനങ്ങളെയും ഹൂതികളുടെ ആക്രമണങ്ങള്‍ പ്രതികൂലമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.