ഇടുക്കിയില്‍ ചെറുമകനെ മുത്തച്ഛന്‍ പീഡിപ്പിച്ച കേസ്: 64കാരന് 73 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

തൊടുപുഴ: ഇടുക്കിയില്‍ ഏഴു വയസുകാരനായ ചെറുമകനെ മുത്തച്ഛന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. 64 കാരന് 73 വര്‍ഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയുമാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് വിധിച്ചത്.

പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായാണ് 73 മൂന്നു വര്‍ഷം തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2019 ല്‍ മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ വല്യമ്മയാണ് സംഭവം നേരില്‍ കണ്ടത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

എന്നാല്‍ വിചാരണ വേളയില്‍ പിതാവിനെ രക്ഷിക്കാന്‍ കുട്ടിയുടെ അച്ഛന്‍ കൂറുമാറിയിരുന്നു. പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴതുക പൂര്‍ണമായും കുട്ടിയുടെ പുനരധിവാസത്തിന് നല്‍കാന്‍ ഉത്തരവായി. കൂടാതെ അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിക്ക് നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.