തിരുവനന്തപുരം: കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നതിന് ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകേണ്ടി വന്നാലും സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ആളുകളാണ് കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നത്. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ല. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നന്ദിഗ്രാമില്‍ സിപിഎമ്മിന് സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ സംബന്ധിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ മുരളീധരന്‍ എംപി ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്റെയും സംയുക്ത പദ്ധതി എന്ന നിലയ്ക്കാണ് കെ റെയിലിനെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ട്. ഒഴിഞ്ഞ് മാറാനാവില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നു.