ന്യൂ ഡെല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്മഭൂഷണ്‍ ബഹുമതി ലഭിച്ച ഗുലാംനബി ആസാദിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ താന്‍ രാഷ്ട്രീയ പ്രസംഗം നടത്തില്ലെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കിയിരുന്നു. സമൂഹത്തില്‍ സേവനം ചെയ്യുന്നതിന് രാഷ്ട്രീയം വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്ത് രാഷ്ട്രീയം മോശം അവസ്ഥയിലാണെന്ന് പറഞ്ഞു. ‘സമൂഹത്തില്‍ നമ്മള്‍ മാറ്റം കൊണ്ടുവരണം. ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെന്നും സാമൂഹ്യ സേവനം തുടങ്ങിയെന്നും നിങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നൊരു ദിവസം അറിഞ്ഞാല്‍ അതുവലിയ കാര്യമല്ല’ എന്ന് ഗുലാംനബി ആസാദ് പറഞ്ഞു.
പ്രദേശം, ഗ്രാമം, നഗരം എന്നിവയുടെ അടിസ്ഥാനത്തിലും ദളിതര്‍, മേല്‍ജാതിക്കാര്‍, ഹിന്ദുക്കള്‍, മുസ്ലീം, ക്രിസ്ത്യാനി, സിഖുകാര്‍ എന്നിങ്ങനെയും ആളുകളെ തരംതിരിക്കുന്നു. നമ്മള്‍ ആളുകളെ അവരുടെ ജാതിയിലേക്ക് മാത്രം ചുരുക്കിയാല്‍, ആരെയാണ് മനുഷ്യനായി കാണാന്‍ കഴിയുകയെന്ന് ഗുലാംനബി ആസാദ് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചേയ്ക്കാം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിയോടും താന്‍ ഇക്കാര്യത്തില്‍ ക്ഷമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.