
ന്യൂ ഡെല്‍ഹി: ഡെല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ കാര്‍ഗോ സെക്ഷനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെക്കന്‍ പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയത്.
ഡെല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ 3.50ന് പുറപ്പെട്ട വിമാനം 1.15 മണിക്കൂറിന് ശേഷം കറാച്ചിയില്‍ ഇറക്കുകയായിരുന്നു. രാവിലെ 7.15ന് ദോഹയില്‍ എത്തേണ്ട വിമാനമായിരുന്നു ഇത്. കാര്‍ഗോ ഹോള്‍ഡില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് ക്യുആര്‍ 579 വിമാനം കറാച്ചിയില്‍ ഇറക്കിയതായി എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
യാത്രക്കാരെ കറാച്ചിയില്‍ നിന്ന് ദോഹയില്‍ എത്തിക്കാന്‍ പ്രത്യേക വിമാനം ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും അവരുടെ തുടര്‍യാത്രാ പദ്ധതികളുടെ കാര്യത്തില്‍ സഹായിക്കുമെന്നും വിമാനക്കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.