തൊടുപുഴ: പെട്രോളൊഴിച്ച് വീടിന് തീകൊളുത്തി മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ പ്രതി ഹമീദ് ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ തങ്ങളെയും കൊല്ലുമെന്ന് മൂത്തമകന്‍ ഷാജി. കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
വാപ്പ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ടെന്നും കടുത്ത ശിക്ഷ ലഭിക്കണമെന്നും ഷാജി പറഞ്ഞു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. തന്നെയും മരണപ്പെട്ട സഹോദരനെയും ഒരിക്കലും വാപ്പ അംഗീകരിച്ചിരുന്നില്ല. ഉമ്മ പാവമായിരുന്നു.
ഇവിടെ നിന്നും പോയിട്ട് 30 വര്‍ഷത്തിലേറെയായി. തിരിച്ച് വന്നശേഷം ഇഷ്ടദാനം നല്‍കിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കി. സഹിക്കെട്ടാണ് അനിയന്‍ മുഹമ്മദ് ഫൈസല്‍ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഷാജി പറയുന്നു.
ഇടുക്കി തൊടുപുഴക്കടുത്ത് ചീനിക്കുഴിയില്‍ ഇന്നലെയാണ് പിതാവ് മകനെയും കുടുംബത്തെയും പൂട്ടിയിട്ട് വീടിന് തീവച്ച് കൊലപ്പെടുത്തിയത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് മരിച്ചത്. പ്രതി ഹമീദിനെ കോടതി റിമാന്‍ഡ് ചെയ്തു.