ന്യൂ ഡെല്‍ഹി: ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ എല്‍.ജെ.ഡിയെ ലയിപ്പിച്ചതായി പ്രഖ്യാപിച്ച് മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ്. ശരദ് യാദവിന്റെ ഡെല്‍ഹിയിലെ വസതിയിലായിരുന്നു ലയന ചടങ്ങ്. ഒരിക്കല്‍ എതിരാളികളായി കണ്ട രണ്ട് നേതാക്കളാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത്.
‘ഞങ്ങളുടെ പാര്‍ട്ടി ആര്‍ജെഡിയില്‍ ലയിക്കുന്നത് പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യപടിയാണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയിലുടനീളം പ്രതിപക്ഷം ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇപ്പോള്‍, ഏകീകരണത്തിനാണ് ഞങ്ങളുടെ മുന്‍ഗണന, അതിന് ശേഷം മാത്രമേ പ്രതിപക്ഷത്തെ ആരാണ് നയിക്കുക എന്ന് ആലോചിക്കൂ,’ എന്ന് ശരദ് യാദവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സമാന ആശയങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാന്‍ താന്‍ ഏറെ നാളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചിതറിക്കിടക്കുന്ന ജനതാദളിനെ ഒരുമിച്ച് കൊണ്ടുവരുന്നതിന് ഈ ലയനം അനിവാര്യമാണെന്നാണ് ശരദ് യാദവ് പറഞ്ഞത്.