ന്യൂനമര്‍ദ്ദം അതിതീവ്രമായി, ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്രന്യൂനമര്‍ദ്ദമായി. തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.

ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ചുഴലിക്കാറ്റ് വടക്ക്-വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ചൊവ്വാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.