തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് എം. ലിജു. രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കാരണമാണ് അവസരം നഷ്ടപ്പെട്ടതെന്ന് കരുതുന്നില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുള്ള നിരവധി നേതാക്കന്മാരുണ്ടെന്ന് ലിജു വ്യക്തമാക്കി.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോഴും ആത്യന്തികമായ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടത്. ഒരു സ്ഥാനവും കിട്ടിയില്ലെന്ന് കരുതി നിരാശനാകുന്നയാളല്ല താനെന്നും ലിജു പറഞ്ഞു. തന്റെ പ്രതിബദ്ധത കോണ്‍ഗ്രസിന്റെ ആശയങ്ങളോടാണെന്നും രാഷ്ട്രീയത്തെ തൊഴിലായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കെ. സുധാകരനൊപ്പമാണ്. കെ.സുധാകരന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലിജു വ്യക്തമാക്കി. സംസ്ഥാനത്തെ ചര്‍ച്ചകള്‍ക്ക് ശേഷം എം. ലിജു, ജെബി മേത്തര്‍, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് കൈമാറിയത്. തുടര്‍ന്ന് ജെബി മേത്തറെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.