കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കളമശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണ സ്ഥലത്ത് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായെന്നാണ് വിലയിരുത്തല്‍.
പ്രദേശത്തെ മണ്ണ് ദുര്‍ബലമായത് അപകടത്തിന് ആക്കം കൂട്ടി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിര്‍മ്മാണം നടക്കുമ്പോള്‍ തൊഴിലാളികളെ പണിക്കായി ഉപയോഗിക്കുകയായിരുന്നു. കുഴിയുടെ വശങ്ങള്‍ നിരപ്പാക്കുന്ന ജോലിയിലായിരുന്നു സംഘം. യന്ത്രത്തിന്റെ പ്രകമ്പനം മൂലം മുകളില്‍ നിന്നും മണ്‍കൂന ഇടിഞ്ഞ് കുഴിയില്‍ പതിച്ചു. തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അടുത്തിടെ മാത്രം മണ്ണിട്ട് നികത്തിയ പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ആറംഗ സംഘത്തിലെ രണ്ടുപേര്‍ രക്ഷപ്പെട്ടു. 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അവസാനത്തെ ആള്‍ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ ഇയാളെ താമസ സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നിവരാണ് മരിച്ചത്.