ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചു; സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായി ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.

കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്നായിരുന്നു വിശദീകരണം. ഹാജരാകുന്നതിന് 10 ദിവസം വേണമെന്നാണ് സായ് ശങ്കര്‍ ഇ മെയില്‍ വഴി ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍ കൊറോണ പരിശോധനാഫലം ഹാജരാക്കിയിട്ടില്ല. സായ് ശങ്കറിനെ കുറിച്ച് നിലവില്‍ വിവരമില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റം വഴിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കില്‍ നടത്തിയ റെയ്ഡിലാണ് ഐ മാക് കസ്റ്റഡിയില്‍ എടുത്തത്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദിലീപ് ഫോണുകള്‍ കൈമാറുന്നതിന് മുമ്പ് വിവരങ്ങള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ വച്ചാണ് രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത്. മറ്റ് രണ്ടു ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായി ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചാണെന്നാണ്് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.