10, 12 പൊതു പരീക്ഷ ചോദ്യപേപ്പറുകള്‍ ഇനി കുട്ടികള്‍ വിലയിരുത്തും; ഇതാണ് കേരള മോഡലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ പൊതു പരീക്ഷ ചോദ്യപേപ്പറുകള്‍ ഇനി കുട്ടികള്‍ വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാറുന്ന കാലത്തിനനുസരിച്ച് മൂല്യനിര്‍ണ്ണയവും മാറണം. ഇതാണ് കേരള മോഡല്‍ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായി, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷ ചോദ്യപേപ്പറുകള്‍ വിലയിരുത്തും. ഇതിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുനഃക്രമീകരിക്കുന്നതിന് ഉപയോഗിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ ആദ്യത്തെയും അവസാനത്തെയും വാക്ക് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കണം. മാറുന്ന കാലത്തിനനുസരിച്ച് മൂല്യനിര്‍ണ്ണയവും മാറണം. ഇതാണ് കേരള മോഡല്‍’ എന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പരീക്ഷകള്‍ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമാണ് വിലയിരുത്തി വന്നത്. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ വിപുലീകരിക്കും. പാഠ്യപദ്ധതി പരിഷ്‌കരണ വേളയില്‍ മൂല്യനിര്‍ണയ രീതി പരിഷ്‌ക്കപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.