
ന്യൂ ഡെല്‍ഹി: കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം. ക്വാറന്റൈനും പരിശോധനകളും ഉള്‍പ്പെടെ മാസ്‌കും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് മാറ്റുന്നതടക്കമുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഘട്ടം ഘട്ടമായി മാസ്‌ക് മാറ്റണമെന്നാണ് പൊതു അഭിപ്രായം. ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കേസെടുക്കുന്നത് സംസ്ഥാനത്ത് തത്കാലം കുറച്ചിട്ടുണ്ട്.
ചില സ്ഥലങ്ങളിലും മാസ്‌ക് ആവശ്യമില്ലെങ്കിലും ചില കാരണങ്ങളാല്‍ മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഭാവിയില്‍ കൊറോണ വകഭേദങ്ങളുടെ അപകടസാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതേസമയം ലോകത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി.
ദക്ഷിണകൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ചില രാജ്യങ്ങള്‍ പരിശോധന കുറയ്ക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഡബ്ല്യു എച്ച് ഓ പറഞ്ഞു. ഒമിക്രോണും അതിന്റെ ഉപവകഭേദമായ ബിഎ.2 ആണ് നിലവിലുള്ള രോഗബാധയ്ക്ക് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.