കൊറോണ പോസിറ്റീവായാല്‍ ഇനി 7 ദിവസം വര്‍ക്ക് ഫ്രം ഹോം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തരവ് ഇറക്കി സര്‍ക്കാര്‍. കൊറോണ പോസിറ്റീവായാല്‍ ജീവനക്കാര്‍ക്ക് 7 ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനാണ് പുതിയ തീരുമാനം. വര്‍ക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവര്‍ക്ക് 5 ദിവസം സ്‌പെഷ്യല്‍ ലീവ് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

അഞ്ച് ദിവസം കഴിഞ്ഞ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ സാമൂഹ്യ അകലം അടക്കമുള്ള കൊറോണ പ്രോട്ടോകോള്‍ പാലിച്ച് ഓഫീസില്‍ ഹാജരാവണം. അഞ്ച് ദിവസം കഴിഞ്ഞ് നെഗറ്റീവ് ആകാത്തവര്‍ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിള്‍ ലീവെടുത്ത ശേഷം ഓഫീസില്‍ ഹാജരാകണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ ഭേദഗതി ബാധകമാണ്.

അതേസമയം ക്വാറന്റൈനും പരിശോധനകളും ഉള്‍പ്പെടെ മാസ്‌കും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് മാറ്റുന്നതടക്കമുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഘട്ടം ഘട്ടമായി മാസ്‌ക് മാറ്റണമെന്നാണ് പൊതു അഭിപ്രായം. ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.