തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അക്രമിച്ചതിനും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സംഘര്‍ഷത്തില്‍ സഫ്‌ന അടക്കം രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് കയ്യാങ്കളി ഉണ്ടായത്.