എസ്എഫ്‌ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചു: പൊലീസ് നോക്കി നിന്നെന്ന ആരോപണവുമായി കെ എസ് യു നേതാവ് സഫ്‌ന

തിരുവനന്തപുരം: എസ്എഫ്‌ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചപ്പോള്‍ പൊലീസുകാര്‍ നോക്കി നിന്നെന്ന് തിരുവനന്തപുരം ലോ കോളേജ് സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന. ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ നിന്നല്ലെന്ന് പറഞ്ഞ സഫ്‌ന എസ്എഫ്‌ഐയില്‍ നിന്ന് മുമ്പും ആക്രമണമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി. അന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് സഫ്‌ന പറഞ്ഞു.

കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം കെ എസ് യു പ്രവര്‍ത്തകരുടെ വീടുകയറിയുള്ള മര്‍ദ്ദനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. എസ്എഫ്‌ഐ ഭാരവാഹികള്‍ വരെ മര്‍ദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്നുവെന്ന് കഴുത്തിന് പരിക്കേറ്റ വിദ്യാര്‍ത്ഥി ദേവനാരായണന്‍ പറഞ്ഞു. ജിയോ എന്ന വിദ്യാര്‍ത്ഥിയുടെ കാലിനാണ് പരിക്കേറ്റത്.

എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫീനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സഫ്‌നയെ അക്രമിച്ചതിന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് കയ്യാങ്കളി ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.