ചണ്ഡിഗഢ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആംആദ്മി നേതാവ് ഭഗവന്ത് മാന്‍. ഡെല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നവാന്‍ഷഹര്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിിന്റെ പൂര്‍വ്വിക ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.
അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞയ്ക്കായുളള പന്തല്‍ ഒരുക്കിയിരിക്കുന്നത്. താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭഗവന്ത് മാന്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഭഗവന്ത് മാന്‍ വ്യക്തമാക്കി. ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ ദല്‍വീര്‍ സിങിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
ധുരിയില്‍ ഭഗവന്ത് മാന്‍ 82,592 വോട്ടുകള്‍ നേടിയപ്പോള്‍ ദല്‍വീര്‍ സിങിന് 24,386 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭഗവന്തിന്റെ വിജയം. 1977 മുതല്‍ ശിരോമണി അകാലിദള്‍ നാലു തവണയും കോണ്‍ഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇത്തവണ വിജയിച്ചത്.