ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭയില്‍ ശൂന്യവേളയിലെ സബ്മിഷനില്‍ സംസാരിക്കുന്നതിനിടെയാണ് സോണിയഗാന്ധി ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര മാധ്യമങ്ങളായ അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കലക്ടീവും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് ചെറിയ തുകയ്ക്ക് ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും ഇടപെടലും അവസാനിപ്പിക്കണമെന്നും ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നും സോണിയ പറഞ്ഞു. രാജ്യത്ത് ആര് അധികാരത്തില്‍ വന്നാലും ജനാധിപത്യവും സാമൂഹിക സൗഹാര്‍ദവും സംരക്ഷിക്കേണ്ടതുണ്ടെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.