
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനം രാജിവച്ച് ഡോ. പൂര്‍ണിമ മോഹന്‍. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സര്‍വകലാശാല ചാന്‍സിലറായ കേരളാ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് രാജി. സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. യോഗ്യതകളില്‍ ഇളവ് വരുത്തി കാലടി സംസ്‌കൃത അധ്യാപികയായ പൂര്‍ണിമ മോഹനെ മൂന്ന് വര്‍ഷ കാലാവധിക്ക് നിയമിച്ചത് വലിയ വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നു.
മലയാളഭാഷയില്‍ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും പത്ത് വര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ് ലെക്‌സിക്കണ്‍ എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന് നിശ്ചിത യോഗ്യതയില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
ലെക്‌സിക്കണ്‍ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രെഫസറെ ചുമതലയില്‍ നിന്ന് നീക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആര്‍. മോഹന്റെ ഭാര്യ കൂടിയായ പൂര്‍ണിമയെ നിയമിച്ചത്.