പഞ്ചാബില്‍ ഭഗവന്ത് മന്‍ ഇന്ന് അധികാരമേല്‍ക്കും: നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

ചണ്ഡീഗഢ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ ഇന്ന് അധികാരമേല്‍ക്കും. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം കേന്ദ്ര മന്ത്രിമാരെയും സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് മന്ത്രിമാരെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിക്ക് പുറത്ത് ആദ്യമായാണ് വന്‍ ഭൂരിപക്ഷത്തോടെ ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.

അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞയ്ക്കായുളള പന്തല്‍ ഒരുക്കിയിരിക്കുന്നത്. ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ ദല്‍വീര്‍ സിങിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ധുരിയില്‍ ഭഗവന്ത് മാന്‍ 82,592 വോട്ടുകള്‍ നേടിയപ്പോള്‍ ദല്‍വീര്‍ സിങിന് 24,386 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭഗവന്തിന്റെ വിജയം.

1977 മുതല്‍ ശിരോമണി അകാലിദള്‍ നാലു തവണയും കോണ്‍ഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇത്തവണ വിജയിച്ചത്. 2017ല്‍ കോണ്‍ഗ്രസിലെ ദല്‍വീര്‍ സിങ് 2811 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധുരിയില്‍ വിജയിച്ചത്. പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ചയും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമാണ്.