തിരുവനന്തപുരം: എന്‍സിപിയിലേക്ക് തിരികെ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മാണി സി കാപ്പന്‍ എംഎല്‍എ. തെരഞ്ഞെടുപ്പിന് ശേഷം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ പതിനഞ്ച് തവണ കണ്ടു, എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാപ്പന്‍ പറഞ്ഞു.
പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു. യുഡിഎഫ് വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എ കെ ശശീന്ദ്രന് പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി കാപ്പന് നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം. പാലാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇടത് മുന്നണിയും എന്‍സിപിയും വിട്ടിറങ്ങിയാണ് മാണി സി കാപ്പന്‍ എന്‍സികെ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് യുഡിഎഫിനൊപ്പം ചേര്‍ന്ന് നിന്ന് പാലായില്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ചാണ് മാണി സി കാപ്പന്‍ എംഎല്‍എ ആയത്.