പാലക്കാട്: യുവമോര്‍ച്ച നേതാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ പഴമ്പാലക്കോട് മേഖലാ കമ്മിറ്റിയംഗമായ മിഥുനാണ് ആലത്തൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്. കേസില്‍ നേരത്തെ അറസ്റ്റലായ ആറുപേരുള്‍പ്പെടെ ഏഴ് സിപിഎം പ്രവര്‍ത്തകരാണ് പിടിയിലായത്.
മാര്‍ച്ച് 2ന് വൈകിട്ട് പഴമ്പാലക്കോട് വടക്കേപാവടി മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് സത്യകുംഭം പുഴയില്‍ ഒഴുക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. അതിനുശേഷം ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വീണ്ടും സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷത്തിനിടെയാണ് അരുണ്‍കുമാറിന് കുത്തേറ്റത്.
ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മാര്‍ച്ച് 11ന് വൈകിട്ടാണ് അരുണ്‍കുമാര്‍ മരിച്ചത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് വ്യക്തമാക്കിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.