
തിരുവനന്തപുരം: പൊലീസില്‍ നിലവിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന സംവിധാനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ജില്ലകളില്‍ വനിതാ സ്വയംപ്രതിരോധ പരിശീലനപദ്ധതിയുടെ മുഖ്യപരിശീലകരായ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി തിരുവനന്തപുരം മേനംകുളത്തെ വനിതാ ബറ്റാലിയന് ആസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസുരക്ഷ, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത്തരം സുരക്ഷാ പരിശീലന പദ്ധതികള്‍ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നുമായി മാസ്റ്റര്‍ ട്രെയിനര്‍മാരായ 80 ഓളം വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മൂന്നു ദിവസത്തെ ശില്പശാലയില് പങ്കെടുക്കുന്നത്.
സ്വയം പ്രതിരോധ പരിശീലനത്തിന്റെ നിലവിലുള്ള പാഠ്യപദ്ധതിക്കൊപ്പം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയുളള ക്ലാസുകളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇതിന് പുറമെ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ, സ്വയം പ്രതിരോധത്തിന്റെ മന:ശാസ്ത്രപരമായ വശങ്ങള് തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം നേടുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജില്ലകളിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് കേരളാ പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ലക്ഷ്യം. അക്രമിയെ കീഴ്പ്പെടുത്തുകയല്ല മറിച്ച് അയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള പരിശീലനമാണ് വനിതാ പൊലീസുകാര്‍ക്ക് നല്‍കുന്നത്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള് മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് തികച്ചും സൗജന്യമായി പഠിപ്പിക്കും.
ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്‍. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പരിശീലനം ആവശ്യമുള്ളവര്‍ക്ക് nodalofficer.wsdt.phq@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാം.