
മോസ്കോ: പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം നിയമവിരുദ്ധമാണെന്നും അവ ഉയർത്തുന്ന പ്രശ്നങ്ങൾ റഷ്യ മെല്ലെ പരിഹരിക്കുമെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യൂറോപ്പിലെ പ്രകൃതി വാതകത്തിന്റെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന റഷ്യ അതിന്റെ കരാർ ബാധ്യതകൾ നിറവേറ്റുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധം രാജ്യത്തെ ബാധിച്ചെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാൽ പ്രശ്നങ്ങളെല്ലാം ശാന്തമായി പരിഹരിക്കുമെന്നും പുടിൻ പറഞ്ഞു.ഉപരോധം മറികടന്ന് റഷ്യ ആത്യന്തികമായി ശക്തവും കൂടുതൽ സ്വതന്ത്രവുമായി ഉയർന്നുവരും. യുക്രെയ്നിൽ സൈനിക നടപടിയല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
ഏതെങ്കിലും തരത്തിലുള്ള ഹ്രസ്വകാല സാമ്പത്തിക നേട്ടത്തിനായി തങ്ങളുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് അംഗീകരിക്കാൻ കഴിയുന്ന രാജ്യമല്ല റഷ്യയെന്നും പുടിൻ പറഞ്ഞു.ചില ചോദ്യങ്ങളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്. എന്നാൽ മുൻകാലങ്ങളിൽ ഇവ തരണം ചെയ്തിട്ടുണ്ട്. തങ്ങൾ അവയെ മറികടക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.