രണ്ട്‌ ചെറുനഗരങ്ങള്‍ പിടിച്ചെടുത്ത്‌ റഷ്യന്‍ സൈന്യം; ചെറുത്തുനില്‍പ്പ്‌ നടത്തി യുക്രൈന്‍ സേന

    കീവ്‌: തെക്കുകിഴക്കന്‍ യുക്രൈനിലെ രണ്ട്‌ ചെറുനഗരങ്ങള്‍ പിടിച്ചെടുത്ത്‌ റഷ്യന്‍ സൈന്യം. മറ്റിടങ്ങളിലെന്നപോലെ കനത്ത ചെറുത്തുനില്‍പ്പ്‌ നടത്തി യുക്രൈന്‍ സേന. സപോരിഷ്യ മേഖലയിലെ ബെര്‍ഡ്യാന്‍സ്‌ക്‌, എനെര്‍ഹോദര്‍ പട്ടണങ്ങളും സപോരിഷ്യ ആണവനിലയത്തിനു ചുറ്റുമുള്ള പ്രദേശവുമാണു റഷ്യ പിടിച്ചെടുത്തത്‌. എന്നാല്‍, ആണവനിലയത്തിന്റെ പ്രവര്‍ത്തനം പതിവുപോലെ തുടര്‍ന്നു.റഷ്യയുടെ സഖ്യരാജ്യമായ ബെലാറസില്‍ യുക്രൈനുമായി ഉഭയകക്ഷിചര്‍ച്ച നടക്കുന്ന പശ്‌ചാത്തലത്തില്‍ ഇന്നലെ റഷ്യന്‍ സൈനികനീക്കം മന്ദഗതിയിലായിരുന്നു.

    ഇന്നലെ പുലര്‍ച്ചെ തലസ്‌ഥാനമായ കീവിലും പ്രമുഖ കിഴക്കന്‍ നഗരമായ ഖാര്‍കീവിലും സ്‌ഫോടനശബ്‌ദങ്ങള്‍ കേട്ടു. ഖാര്‍കീവില്‍ നടന്ന ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.എന്നാല്‍, രണ്ട്‌ വന്‍നഗരങ്ങളും കീഴടക്കാനുള്ള റഷ്യന്‍ ശ്രമം വിജയിച്ചിട്ടില്ല. സപോരിഷ്യ ആണവനിലയം റഷ്യയുടെ അധീനതയിലായെന്ന റിപ്പോര്‍ട്ടുകള്‍ യുക്രൈന്‍ നിഷേധിച്ചു. തുറമുഖനഗരമായ മരിയുപോളിനു ചുറ്റും ഞായറാഴ്‌ച രാത്രി മുഴുവന്‍ പോരാട്ടം തുടര്‍ന്നു.

    കഴിഞ്ഞ വ്യാഴാഴ്‌ച യുദ്ധം ആരംഭിച്ചതുമുതല്‍ 102 യുക്രൈന്‍ പൗരന്‍മാരെങ്കിലും കൊല്ലപ്പെട്ടതായാണു കണക്ക്‌. 304 പേര്‍ക്കു പരുക്കേറ്റു. യഥാര്‍ഥ കണക്കുകള്‍ ഇതിലും വളരെ ഉയര്‍ന്നതായിരിക്കുമെന്ന്‌ ഐക്യരാഷ്‌ട്രസംഘടന മനുഷ്യാവകാശവിഭാഗം മേധാവി മൈക്കിള്‍ ബാഷെലെറ്റ്‌ പറഞ്ഞു. യുദ്ധം തുടങ്ങിയതു മുതല്‍ ജനവാസമേഖലകളിലുള്‍പ്പെടെ 350-ല്‍ ഏറെ റഷ്യന്‍ മിസൈലുകള്‍ പതിച്ചതായി യു.എസ്‌. പ്രതിരോധവിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.