
10, 12 ക്ലാസുകളില്‍ മോഡറേഷന്‍ അവസാനിപ്പിക്കാനും ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവ്. കേരള സിലബസില്‍ 10, 12 ക്ലാസ് പൊതുപരീക്ഷയില്‍ മോഡറേഷന്‍ നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഗ്രേസ് മാര്‍ക്ക് തിയറി മാര്‍ക്കിനോടൊപ്പം ചേര്‍ക്കുന്ന രീതിക്കു പകരം ഗ്രേസ് മാര്‍ക്ക് പ്രത്യേകമായി കാണിക്കണമെന്നുമാണു ഡിവിഷന്‍ ബെഞ്ചിന്റ ഉത്തരവ്. 90 ശതമാനത്തിലധികം മാര്‍ക്ക് (എ പ്ലസ്) നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കില്ല.കേരള സിലബസില്‍ ക്രമാതീതമായി ഗ്രേസ് മാര്‍ക്കും മോഡറേഷനും നല്‍കുന്നുവെന്ന ആക്ഷേപം പതിവായിരുന്നു. പഠനത്തില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ ഇതുമൂലം പിന്തള്ളപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടുന്ന ഹര്‍ജികള്‍ 2013 മുതല്‍ ഹൈക്കോടതികളിലെത്തി.
ധാരാളം പരാതികളുയര്‍ന്നതോടെ 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെയും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍മാരുടെയും സംയുക്‌ത യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്‌തു. മോഡറേഷന്‍ പൂര്‍ണമായും ഒഴിവാക്കാനും മാര്‍ക്ക് ഷീറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്താനുമായിരുന്നു തീരുമാനം. ഇതു 2018 മുതല്‍ നടപ്പാക്കാമെന്ന് കേരളം കേന്ദ്രത്തിന് ഉറപ്പ് നല്‍കുകയും ചെയ്‌തു.ഈ തീരുമാനം 2018-ല്‍ നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടുന്ന ഹര്‍ജി ഹൈക്കോടതിക്കു മുന്നിലെത്തുകയും മോഡറേഷന്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സിംഗിള്‍ ബെഞ്ച് 2019 ജൂലൈ എട്ടിന് ഉത്തരവിടുകയും ചെയ്‌തു.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് വ്യക്‌തതയില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവു വന്നിരിക്കുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന പ്രവേശനത്തെ സാരമായി ബാധിച്ചിരുന്ന പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്.