ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ഹാളുകളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. ഔട്ട്‌ഡോര്‍ വേദികളില്‍ പരമാവധിശേഷിയുടെ 30 ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിശ്ചയിക്കാം.ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, റോഡ് ഷോ, വാഹന റാലി, കാല്‍നട ജാഥ എന്നിവക്കുള്ള വിലക്ക് തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് പരമാവധി 20 പേരെയാണ് അനുവദിച്ചിരിക്കുന്നത്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള പ്രചാരണ നിയന്ത്രണം തുടരും.