ചണ്ഡിഗഡ്: പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത് ചന്നിയെ പ്രഖ്യാപിക്കാൻ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നാളെ ലുധിയാനയിൽ നടക്കുന്ന റാലിയിൽ രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തുക. നവജ്യോത് സിങ് സിദ്ദുവിന്റെ എതിർപ്പ് കണക്കിലെടുക്കാതെയാണ് കോൺഗ്രസിന്റെ തീരുമാനം.സാധാരണ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോൺഗ്രസിനില്ല.
ജനവിധി അനുകൂലമായാൽ എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ് പതിവ് രീതി. എന്നാൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നിർബന്ധിതമായത്. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസി ഉപയോഗിച്ച് പാർട്ടി നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തീരുമാനിച്ചത്.
മുഖ്യമന്ത്രി സ്ഥാനാർഥി ആരാവണം എന്നത് സംബന്ധിച്ച് ഹൈക്കമാന്റ് പ്രവർത്തകർക്കിടയിൽ സർവെ നടത്തിയിരുന്നു. ഒരു സ്വകാര്യ ഏജൻസിയും സർവെ നടത്തിയിരുന്നു. ഈ സർവെയിൽ ഭൂരിഭാഗവും പിന്തുണച്ചത് ഛന്നിയെയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചു.
അതേസമയം പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ധു വ്യക്തമാക്കി.