ലോറസ് അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ജേതാവ് നീരജ് ചോപ്രയും

സെവിയ്യ: ലോറസ് അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി അത്ലറ്റിക്സിൽ ആദ്യമായി സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ 2022 എന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയത്. ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്കാരമാണ് ലോറസ് അവാർഡ്.

ജാവലിൻ താരമായ നീരജ് ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് സ്വർണമെഡൽ കഴുത്തിലണിഞ്ഞത്. ലോറസ് പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് നീരജ്.ഇതിനുമുൻപ് ഗുസ്തി താരം വിനേഷ് ഫോഗട്ട്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള 1300-ൽ അധികം സ്പോർട്സ് ജേണലിസ്റ്റുകൾ ചേർന്നാണ് പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത്. വിജയിയുടെ പേര് ഏപ്രിലിൽ പ്രഖ്യാപിക്കും.

18-ാം വയസ്സിൽ യു.എസ്.ഓപ്പൺ കിരീടം നേടിയ ബ്രിട്ടീഷ് ടെന്നീസ് താരം എമ്മ റാഡുകാനു, ലോക രണ്ടാം നമ്പർ പുരുഷ ടെന്നീസ് താരം റഷ്യയുടെ ഡാനിൽ മെദ്വദേവ്, ബാഴ്സലോണയുടെ യുവ ഫുട്ബോളർ പെഡ്രി, ട്രിപ്പിൾ ജംപിൽ ലോകറെക്കോഡ് നേടിയ യൂളിമർ റോജാസ്, നീന്തൽ താരം അറിയാർനെ ടിറ്റ്മസ് എന്നിവരാണ് വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ 2022 പുരസ്കാരത്തിന് നീരജ് ചോപ്രയ്ക്കൊപ്പം മത്സരിക്കുന്നത്.