ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കണം.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികളോടാണ് ഫോൺ ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദിലീപ് അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.