ന്യൂഡെൽഹി : കിറ്റ് കാറ്റിന്റെ കവറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രമുഖ കമ്പനിയായ നെസ്ലേ ഇന്ത്യയ്‌ക്കെതിരെ വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ ചിത്രങ്ങൾ കമ്പനി പിൻവലിച്ചു. ഭഗവാൻ ജഗന്നാഥൻ, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് നെസ്ലേ കിറ്റ് കാറ്റിന്റെ കവറിൽ ഉൾപ്പെടുത്തിയിരുന്നത്.പുതിയ കിറ്റ് കാറ്റ് കവറിന്റെ ചിത്രങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് കമ്പനിയുടെ പ്രവൃർത്തി എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ചോക്ലേറ്റ് ഉപയോഗിച്ചു കഴിഞ്ഞാൽ ദൈവങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ കവറുകൾ ചവറ്റു കൊട്ടയിൽ ഇടും. ഇതിന് പുറമേ റോഡിൽ ഉപേക്ഷിക്കപ്പെടുന്ന കവറുകളിൽ ആളുകൾ ചവിട്ടി നടക്കും. ഇതെല്ലാം തന്നെ ഹിന്ദുക്കളുടെ മതവികാരത്തെ ഹനിക്കുമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉപയോക്താക്കൾ പറയുന്നു.