ന്യൂ ഡെൽഹി: ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡെൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ഇന്നലെ ഡെൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്വന്തം ജീവിതം മുഴുവൻ കഥക് എന്ന കലാരൂപത്തിനായി ഉഴിഞ്ഞുവെച്ച കാലാകാരനായിരുന്നു പണ്ഡിറ്റ് ബിർജു മഹാരാജ്. പണ്ഡിറ്റ് ജി, ബിർജു ജി എന്നല്ലാമായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
1938 ൽ ലക്നൗവിലാണ് ജനനം. കഥക് നൃത്തത്തിലെ പ്രധാനപ്പെട്ട പരമ്പരയായ മഹാരാജ് കുടുംബാംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ട് അമ്മാവൻമാരും അച്ഛനും കഥക് നർത്തകരായിരുന്നു. ഏഴ് വയസ്സിൽ തന്നെ പണ്ഡിറ്റ് ബിർജു മഹാരാജ് നൃത്തത്തിന്റെ ലോകത്തിലേക്ക് എത്തി. ഇന്ത്യയിലും വിദേശത്തും ധാരാളം നൃത്തപരിപാടികൾ നടത്തിയിട്ടുണ്ട്. മികച്ച ഗായകനും വാദ്യോപകരണ വിദഗ്ധനുമായിരുന്നു അദ്ദേഹം.
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ, നൃത്ത രൂപകൽപ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ബ്രിജ്മോഹൻ മിശ്ര എന്നാണ് മുഴുവൻ പേര്. ഡെൽഹിയിൽ ‘കലാശ്രമം’ എന്ന പേരിൽ കഥക് കളരി നടത്തിവരികയായിരുന്നു.