കൊച്ചി/ കോഴിക്കോട്: കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ ബിജെപി പരിപാടികൾക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് കേരള പൊലീസ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട്ട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. നഗരമധ്യത്തിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 1643 പേർക്ക് കൊറോണ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ ഇന്ന് മുപ്പത് ശതമാനത്തിലധികമാണ് ടിപിആർ.
പെരുമ്പാവൂരിലും നിയന്ത്രണം ലംഘിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. പ്രകടനത്തിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. പോപ്പുലർ ഫ്രണ്ടിനെതിരെ ബിജെപി നടത്തുന്ന ജനജാഗ്രതാ സദസ്സ് ആയിരുന്നു പരിപാടി. ആലപ്പുഴ കൊലപാതകത്തിന് എതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തി പരിപാടിയിലാണ് 500ലേറെ പങ്കെടുത്തത്. നിലവിൽ 50 പേർക്ക് മാത്രമാണ് അനുമതി. മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് നിയന്ത്രണം ലംഘിച്ചത്.