എറണാകുളം: കൊറോണ വ്യാപന പശ്ചാത്തലത്തിൽ എറണാകുളത്തും ജാഗ്രതാ നിർദേശം. എറണാകുളത്ത് ടിപിആർ തുടർച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 11 കേന്ദ്രങ്ങളിലാണ് കൊറോണ ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. രോഗികളോ സമ്പർക്കമുള്ളവരോ ക്വാറന്റൈനിൽ അലംഭാവം കാണിക്കരുതെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് ബീച്ചുകളിലും മാളുകളിലും ഇന്ന്മുതൽ കർശന പരിശോധനയുണ്ടാകും. ഇതുസംബന്ധിച്ച നിർദേശങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ പുറത്തിറക്കി. ആൾക്കൂട്ടമുണ്ടാകുകയോ തിരക്ക് കൂടുകയോ ചെയ്താൽ പൊലീസ് നിയന്ത്രണമേർപ്പെടുത്തും. ടിപിആർ 20 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്കും അൻപത് പേർക്ക് മാത്രമാണ് അനുമതി.
കൊറോണ വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം മൂവായിരമായിരുന്നു ജില്ലയിലെങ്കിൽ ഇന്നത് നാലായിരത്തിന് അടുത്താണ്.
കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്നലെ മുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
അതേസമയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരത്ത് 3917 പേർക്കും എറണാകുളത്ത് 3204 പേർക്കും രോഗം സ്ഥിരീകരിച്ചു. തൃശൂർ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂർ 649, ഇടുക്കി 594, വയനാട് 318, കാസർഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18,123 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 511, കൊല്ലം 29, പത്തനംതിട്ട 476, ആലപ്പുഴ 217, കോട്ടയം 305, ഇടുക്കി 128, എറണാകുളം 1492, തൃശൂർ 276, പാലക്കാട് 248, മലപ്പുറം 135, കോഴിക്കോട് 415, വയനാട് 125, കണ്ണൂർ 289, കാസർഗോഡ് 103 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,23,430 പേർ ഇതുവരെ കൊറോണ മുക്തി നേടി.