തിരുവനന്തപുരം: കേരളത്തിൽ കൊറോണ അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ആകെ 78 ആക്റ്റീവ് ക്ലസ്റ്ററുകൾ ഉണ്ടെന്ന് വീണ ജോർജ് പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളിൽ വ്യാപനം ശക്തമാകുമെന്നും എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കടന്നിരിക്കെ മരുന്നുകൾക്ക് ക്ഷാമമെന്ന പ്രചാരണം തെറ്റാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അവർ പത്തനംതിട്ടയിൽ പ്രതികരിച്ചു.
അതേസമയം കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു. ജില്ലയിൽ പൊതുപരിപാടികൾക്ക് ജില്ലാ കളക്ടർ വിലക്ക് ഏൽപ്പെടുത്തി. കൊറോണ ടിപിആർ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി.
സാംസ്കാരിക പരിപാടികൾ അടക്കമുള്ള കൂട്ടം കൂടലുകൾ നിരോധിച്ചു. 50ൽ താഴെ ആൾക്കാർ പങ്കെടുക്കാവുന്ന പരിപാടികൾ അടക്കം മാറ്റിവയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരിൽ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണം.
മാളുകളിൽ 25 സ്ക്വയർഫീറ്റിൽ ഒരാൾ എന്ന കണക്കിൽ മാത്രമേ പ്രവേശനം അനുവദിക്കാവൂ. കൊറോണ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം. എല്ലാ സർക്കാർ തല പരിപാടികളും യോഗങ്ങളും ഓൺലൈനാക്കാനും നിർദ്ദേശം നൽകി.
ടിപിആർ 30 ന് മുകളിലുള്ള ജില്ലകളിൽ പൊതു പരിപാടികൾ നിരോധിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൊറോണ അവലോകനയോഗം നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്ത് ഇന്ന് ആറുപേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.