സ്വീഡിഷ് പൗരനെ അപമാനിച്ച സംഭവം; സസ്പെൻഷനിലായ ഗ്രേഡ് എസ് ഐയ്ക്കെതിരായ നടപടി പിൻവലിച്ചു

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐയ്ക്കെതിരായ നടപടി പിൻവലിച്ചു. ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. കോവളത്ത് സ്വീഡിഷ് പൗരൻ സ്റ്റീഫൻ മദ്യം ഒഴുക്കിയ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.

എന്നാൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ പിൻവലിച്ചത്.

കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്റ്റീഫൻ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിൽ ചർച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവള ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തത്.

വിവാദം തണുപ്പിക്കാൻ മന്ത്രി ശിവൻകുട്ടി സ്റ്റീഫനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സർക്കാർ സ്വീകരിച്ച നടപടി വിശദീകരിച്ചു. സർക്കാർ മുഖം രക്ഷിക്കാൻ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എതിർപ്പ് ഉന്നയിച്ചു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി പിൻവലിച്ചത്.